Jul 4, 2018

പറയാതെ നീ 
ഉപേക്ഷിച്ച വാക്കുകളിലൂടെ 
തപ്പി നടന്നു ഞാൻ 
വഴിതെറ്റി 

Jun 28, 2018

മിഴികളിലൂടെ
കപ്പലോടിച്ചത്
എന്റെ നെഞ്ചിലെ
കണ്ണീർ കടലുകളായിരുന്നു

Jun 27, 2018
നിന്റെ അധരങ്ങളിൽ
ഇറ്റിറ്റു വീണ
മഴ തുള്ളികളെ
എന്റെ ചുണ്ടുകൾ
എന്തിനോ പ്രണയിക്കുന്നു 

May 26, 2018


വാക്കുകൾ 
അവസാനിക്കുന്ന
വഴിയോരത്ത് 
ഒരു
പുഞ്ചിരിക്കായ്
ഞാൻ 
കാത്തിരിപ്പുണ്ട് 

May 22, 2018

പൂക്കും മുൻപേ
കൊഴിഞ്ഞു പോയ
എന്റെ ജമന്തി പൂവിന്.........


നീ പൂക്കുന്നതും കാത്ത്
കണ്ണിലൊരായിരം മഴവിൽ ഒളിപ്പിച്ച്
വേനൽ മഴയിൽ നനഞ്ഞു നടന്ന
എന്റെ നെഞ്ചിലെ സ്വപ്നങ്ങളോട്
പറയുവാൻ ഒരു നുള്ള്
വാക്ക്, കടം തരാമോ  ???

Feb 12, 2018

നിന്റെ വരികളിൽ
ഒഴുകിയ
പ്രണയാക്ഷരങ്ങളിൽ
ഞാൻ
എന്റെ സ്വപ്‌നങ്ങൾ
കോർത്തിട്ടു 

Nov 28, 2017


നിന്റെ മിഴികൾ
പറയാൻ മറന്ന
ആ രണ്ടു വരികളിൽ
എഴുതി ചേർത്തു
എന്റെ ജീവിത കാവ്യം 

Sep 20, 2017

ഓർമ്മകൾ ഒരു തുറന്ന പുസ്തകമാണ്
അടയ്ക്കും തോറും, തള്ളി തുറന്നു വരുന്ന
വിൽക്കപെടാത്ത പുസ്തകം 


Sep 14, 2017

എന്റെ തോരാത്ത 
കണ്ണുനീരാണ്                                    
നിന്നെ യാത്ര അയക്കുന്ന 
പെരുമഴ 

Aug 21, 2017


മറക്കും തോറും
മനസ്സിലേക്ക്
ആളിക്കത്തി വന്ന
ഓർമ്മകൾ
നെഞ്ചിലെ പ്രണയത്തെ
ചാംബലാക്കി

Aug 18, 2017

കാലം ഒരു മായാജാലക്കാരൻ ആണ് 
അല്ലെങ്കിൽ 
പൂക്കാത്ത എന്റെ 
ഗുൽമോഹർ ചെടിയിൽ 
ആരും കാണാത്ത നിന്റെ 
പ്രണയം വിരിഞ്ഞേനെ 


Aug 17, 2017

എനിക്ക് നിന്റെ കഥകളിലെ 
വാക്കുകളാകണം 
ആ ചിന്തകളിലൂടെ
പറന്നു നടക്കണം 
നീ കാണുന്ന സ്വപ്നങ്ങളെ 
താലോലിക്കണം 
നിന്റെ മനസ്സ് 
പകർത്തി എഴുതണം
Aug 11, 2017നിന്നെ കാത്തിരിക്കുന്ന
നിമിഷങ്ങൾ
ഒരു വേള
അസ്തമിച്ചെങ്കിൽ
എനിക്ക് നക്ഷത്രങ്ങളെ
ഉമ്മ വെക്കാമായിരുന്നു 

Dec 21, 2016


നിന്റെ
കണ്ണുകളിലൂടെ
ഞാൻ കണ്ട
കാഴ്ചകളിൽ
എന്നെ മാത്രം
കണ്ടില്ല

Nov 29, 2016

നീ
ഉണർന്നിരിക്കുന്ന
രാവുകളെ
പ്രണയിക്കാനാണെനിക്കിഷ്ട്ടം
സ്വപ്‌നങ്ങൾ
ചിറക് പടർത്തി
പറന്നുയരുന്ന
മഞ്ഞുമൂടിയ രാവുകളെ


Nov 28, 2016

നമുക്ക് നടന്നാലോ
പുല്ലുകളെ പുണർന്ന്
സ്വപ്‌നങ്ങൾ തലോടി
കൈകൾ കോർത്ത്
പ്രണയത്തിൻ താഴ്‌വരയിൽ
മഞ്ഞുമല തേടി
അസ്തമിക്കാത്ത രാവിലൂടെ


Nov 26, 2016

നീ                                                             
അടുക്കുംതോറും
ഞാൻ
അകന്നു കൊണ്ടേയിരുന്നു
കണ്ണിലെ പ്രണയം
ഒളിപ്പിച്ച്
ചുണ്ടിലെ പുഞ്ചിരി
മറച്ച്
ഏകാന്തമായ്
വഴിമാറി
വെറുതെ നടന്നു

Sep 24, 2016

മിന്നി മറഞ്ഞിരിക്കുന്ന
ഓർമ്മകൾക്കിടയിലെവിടെയോ
നിൻറെ പേര് ഞാൻ
മറന്നു വെച്ചു


എൻറെ
കണ്ണീരിൽ
ആളിക്കത്തിയത്
നിൻറെ ഓർമകളുടെ
പറുദീസയായിരുന്നു
നീ ഒരു
നിഴലായ്
അലിഞ്ഞു ചേർന്നാൽ
ഞാൻ ഒരു
വെളിച്ചമായ്
കൂടെയിരുന്നേനെ

Sep 23, 2016

അകലും തോറും
നിന്നിലേക്കടുത്തു കൊണ്ടിരിക്കുന്ന
നിമിഷങ്ങളെ,
ഞാൻ
കപ്പലിൽ കയറ്റി
നാട് കടത്തി

Sep 19, 2016

നഷ്ട്ട സ്വപ്‌നങ്ങൾ
ലേലത്തിൽ വിൽക്കണം
കിട്ടുന്ന വിഹിതം
കാറ്റിൽ പറത്തണം
ആ കാറ്റിൽ നീ
കടപുഴകി വീഴണം
കിനാവിൻ വില നീ അറിയണം


നീ ഒരു മഴയായി
എന്നിൽ പെയ്തിറങ്ങണം
ആ നിർവൃതിയിൽ
എനിക്ക് ലയിക്കണം
ഒരു പുഴയായ്
ഞാൻ ഒഴുകിത്തുടിക്കും 
മരുഭൂമിയിൽ
നീയെന്നെ പിന്തുടരണം
മരീചികയായ് നമുക്ക് 
ഒളിച്ചു കളിക്കാം


Sep 11, 2016

എനിക്ക് നിൻറെ 
കവിതകളിലെ വരികളാകണം
ചിത്രങ്ങളിലെ വർണങ്ങളാകണം
കഥകളിലെ രാജകുമാരിയാവണം
സ്വപ്നങ്ങളിലെ കാമുകിയാവണം
നെഞ്ചിലെ പ്രണയമാവണം


Sep 10, 2016

മഴ മാറി
മാനം തെളിഞ്ഞു
മഴവില്ലും മാഞ്ഞു
മനസ്സ് മാത്രം
മിണ്ടിയില്ല

Sep 2, 2016

ഞാൻ ഒരു
മഴ ചോദിച്ചപ്പോൾ,
വെയിലിൽ
മഴതുള്ളി ചാലിച്ച്
നീയൊരു
മഴവില്ല് തന്നു

Jul 16, 2016

നിൻറെ കണ്ണുകളിൽ
ജ്വലിക്കുന്ന പ്രണയത്തെ
ഞാൻ ചുംബനങ്ങൾ
കൊണ്ട് കെടുത്തി 
എൻ്റെ വട്ടും 
നിൻറെ വട്ടും 
കൂടി ചേർന്നപ്പോൾ 
ജീവിതം ഒരു 
വട്ട പൂജ്യമായ് 

Jul 13, 2016

എൻ്റെ മുഖം
മടുത്തു തുടങ്ങിയപ്പോഴാണ്
ഞാൻ
നിൻറെ മുഖം
നോക്കി തുടങ്ങിയത്

May 15, 2016


  ഞാൻ നടന്നു 
  ഇളം വെയിലിൻ 
 തണലിലൂടെ 
 ഓർമകളെ 
 തട്ടി തടഞ്ഞ് 
 നീ വരാത്ത 
 വീഥികളിൽ 
 നിൻറെ 
 കാൽപ്പാട്‌ 
 തേടി 

May 14, 2016

ഭൂമിക്കും
ആകാശത്തിനും
ഉത്തരം മുട്ടിയപ്പോൾ
നീയൊരു
ചാറ്റൽ മഴയായ്
തിമിർത്താടി


May 13, 2016

അനുവാദം വാങ്ങിയല്ല 
നടന്ന് വന്നത് 
അനുവാദം ചോദിച്ചല്ല 
കടന്ന്  പോയത് 
നമുക്കിടയിൽ 
അനന്തമായ 
അകലം 
കാറ്റിന്  പോലും 
മൗനം 
വാക്കുകൾ മഴയായ് 
ചാറിയെങ്കിൽ 
പ്രണയം 
കടലായ് 
മാറിയേനെ 
May 2, 2016

      നിന്നെ 
      ചുംബിച്ച് 
      കൊതി തീരാത്ത 
      എൻറെ 
      ചുണ്ടുകളെ 
      കൊത്തിനുറുക്കി 
       ഞാൻ 
നീ പകുത്ത് തന്നത് 
നെഞ്ചിലെ ചൂടാണ് 
ചുണ്ടിലെ കാമമാണ്‌ 
കണ്ണിലെ പ്രതീക്ഷയാണ് 
സ്വപ്നങ്ങളുടെ കലവറയാണ്
നിശ്ശബ്ദ പ്രണയമാണ്

Apr 25, 2016

ഞാൻ മരണപ്പെട്ടു
നിൻറെ നിശബ്ദ തടവറയിൽ
വാക്കുകൾക്ക് കാതോർത്ത്
വിങ്ങിപ്പൊട്ടി
ശ്വാസംമുട്ടി
മരണം വരിച്ചു  


Apr 24, 2016

പുനർജനിയിൽ
ഒരു പക്ഷിയായ് ജനിക്കണം 
നിൻറെ പ്രണയ വലയത്തിൽ നിന്നും 
ഫിനിക്സ് പക്ഷിയായ് 
പറന്നുയരണം 
അതിരുകളില്ലാതെ പറക്കണം 
                                                   

സിദ്ധാ


നീ നടന്നകന്ന 
വഴിയരികിൽ 
കാത്തിരിപ്പുണ്ട്‌ ഞാൻ
കൈയ്യിൽ 
ഒരു പിടി ഉത്തരങ്ങളുമായ്  

Feb 28, 2016

നിനക്ക് പോകാൻ
തിടുക്കമായോ
വെള്ള പുതച്ച ശരീരത്തിൽ
ഉറങ്ങാൻ കൊതിയായോ
ആ നെഞ്ചിൽ
തുടിപ്പുണ്ടായിരുന്നെങ്കിൽ
ഞെരമ്പിൽ ചോരയും
നീ കേൾക്കുന്നുണ്ടോ
എന്റെ നിലവിളി
നീ കാണുന്നുണ്ടോ
ഈ ഗദ്ഗതം
കൊണ്ട് പോകല്ലേ
ഞാൻ അലറി
ചങ്ങലയിൽ കുരുങ്ങി
പാവമെൻ ശബ്ദം
കേട്ടില്ലെൻ രോദനം
കണ്ടില്ലെൻ കണ്ണീർ
തിരിഞ്ഞ് നോക്കാതെ
നടന്നകന്നു
ഏതോ മാവിൻ
തടിക്കുള്ളിൽ മറഞ്ഞു
ആര്ത്തിരംബിയ അഗ്നിയിൽ
ശുദ്ധി വരുത്തി
മറഞ്ഞു പോയി വെറുമൊരു ഓർമയായ്‌ നീ 

Nov 22, 2015

കത്തിജ്ജ്വലിക്കുന്ന
സൂര്യൻ
കത്തിയെരിയുന്ന
പ്രണയത്തിൻ
താപത്തിലുരുകി
പെയ്തു പേമാരിയായ്
ഭൂമിയിൽ പ്രളയമുണ്ടായി 

Nov 18, 2015

                 


എൻറെ കവിതകളെ
പ്രണയിച്ച നിന്റെ 
കണ്ണുകൾക്ക്‌ 
നീ കാണാത്തൊരു                  
നൊമ്പരം 
ഞാൻ കണ്ടു


മഞ്ഞിനെ പ്രണയിച്ച
പുൽക്കൊടിക്ക്
ജലദോഷം പിടിക്കുമോ ?

മഴയെ പ്രണയിച്ച
വേഴാമ്പലിന്
പനി  പിടിക്കുമോ ?

മഞ്ഞിനേയും മഴയേയും
പ്രണയിച്ച എനിക്ക്
വട്ട് പിടിക്കുമോ ?
എനിക്ക് പ്രണയിക്കണം
മഴ നനഞ്ഞ് നടക്കണം
കാടും മേടും ചുറ്റിത്തിരിഞ്ഞ്
പുഴയും പുൽമേടും തലോടി
പ്രകൃതിയെ കാമിച്ച് ജീവിക്കണം 

Mar 24, 2015

 നമുക്ക് കോർക്കാം
 റെമി മാർട്ടിൻ നുകർന്ന  ചുണ്ടുകൾ
 നമുക്ക് നോക്കാം
 റേബൻ കണ്ണുകളിൽ
 നമുക്ക് തലോടാം
 ഐ ഫോണ്‍ പിടിച്ച കൈകൾ
 നമുക്ക് കെട്ടിപ്പിടിക്കാം
 പൂമ പൊതിഞ്ഞ ശരീരങ്ങൾ
  നമുക്ക് ഒന്നാകാം
  കാലത്തിന് ടെക്നോളജിയിൽ


Mar 23, 2015


എനിക്ക് ചുറ്റും നീയുണ്ട്
നിനക്ക് ചുറ്റും ഞാനുണ്ട്
നമുക്ക് ചുറ്റും എന്തുണ്ട് ??
തല തിരിഞ്ഞൊരു ലോകമുണ്ട്

May 13, 2014

നാളെ കരയാൻ
ബാക്കി വെച്ച
കണ്ണീരിനു
കുമിളയുടെ
ആയുസ്സേ
ഉണ്ടായിരുന്നുള്ളൂ

വർഷം 2

പതിയെ നടന്നു നീങ്ങി
വർഷം  രണ്ടങ്ങ്‌ മിണ്ടാതെ
കളിച്ചും ചിരിച്ചും
ഓടിയും ചാടിയും
എനിക്ക് പിടി തരാതെ
പിന്നെയെങ്ങൊ പുറകോട്ട്
തെല്ലൊന്ന് നോക്കിയപ്പോ
കണ്ടില്ല ഞാൻ എൻറെ
കാൽപ്പാടുകൾ
എവിടെ മറഞ്ഞു നീ
എങ്ങോട്ട് പോയി നീ
കാലത്തിൻ  കൈതാങ്ങി
വർഷം  മറന്ന് പോയ്‌ 

Feb 10, 2012


കിനാവിന്‍റെ താഴ്വരയിലൊരു
തൂവല്‍കൊട്ടാരം കെട്ടി
ചിറകുവിരിച്ചങ്ങിരുന്നു
രാവേറുവോളം ഞാന്‍

കണ്ണിലെ
പ്രണയം
കാണാതിരിക്കാന്‍
കണ്ണ്
തുരന്ന്
കുപ്പിച്ചില്ല്
വിതച്ചു

നിനക്കേകുവാന്‍
കാത്തുവെച്ച
പ്രണയതാളുകളില്‍,
വിശപ്പിന്‍റെ
വരികള്‍ കൊണ്ടൊരു
കവിത
കുറിച്ചു ഞാന്‍

എന്‍റെ ഹൃദയത്തില്‍ നിന്നും
നിന്‍റെ ഹൃദയത്തിലേക്കുള്ള
ദൂരം വെട്ടിച്ചുരുക്കാന്‍
പല ഹൃദയങ്ങളിലൂടെയും
പാഞ്ഞു നടന്നു ഞാന്‍

പ്രണയത്തില്‍ അറിയാതെ കാലുവെച്ചു
പ്രണയം പറയാതെ ഒളിച്ചുവെച്ചു
പ്രണയ കടലില്‍ നീന്തി തുടിച്ചു
പ്രണയ തൊട്ടിലില്‍ തളര്‍ന്നിരുന്നു
പ്രണയിച്ചു പ്രണയിച്ചങ്ങനെ നടന്നു
പ്രണയ കെണിയില്‍ തൂങ്ങി കിടന്നു

Sep 30, 2011

ബാല്യത്തിലൂടെ നീന്തി
കൌമാരത്തിലൂടെ നടന്ന്
യവ്വനത്തിലൂടെയോടി
വാര്ധക്യത്തിലൂടെയിഴഞ്ഞു
മരണത്തിലേക്ക് വഴുതിവീണു ഞാന്‍

Sep 29, 2011


ഒരു സന്ധ്യകൂടി നീങ്ങി
വഴിയരികിലെന്നെ തനിച്ചാക്കി
വീണുടഞ്ഞ സ്വപ്നങ്ങളും
കാലിടറിയ നൊമ്പരങ്ങളും
നെഞ്ചിലേറ്റി വഴിമാറി
നടന്നകന്നു ഇരുളിന്‍ മാറിലൂടെ
ഏകാകിയായെന്‍ നിഴലുകള്‍
കണ്ണീരിന്‍ കുംബിളുമായ്
പുലരിതന്‍ വഴിത്താരയില്‍
കത്തിക്കരിഞ്ഞ താരകമായ്

Mar 18, 2011


അവന്‍ എന്നെ ഭ്രാന്തമായ് സ്നേഹിക്കുന്നു
സ്വര്‍ണക്കൂട്ടില്‍ സ്വപ്നം കണ്ടു കഴിയാന്‍ വിധിക്കപ്പെട്ട ഒരു പക്ഷി
ചെയ്ത തെറ്റിന് സ്വയം ശിക്ഷവാങ്ങി ഒതുങ്ങികൂടാനെ എനിക്ക് കഴിയൂ
എന്നെ മനസ്സിലാക്കണം, മറക്കണം
എന്നുമുണ്ടാവും എന്റെ പ്രാര്‍ത്ഥനകളില്‍
മറന്നു പോകരുതേ എന്ന ഒറ്റ പ്രാര്‍ത്ഥനയോടെ

Jan 14, 2011


എവിടെ
ചുണ്ടിലെ
പ്രണയം
നെഞ്ചിലെ
ദാഹം
കണ്ണിലെ
കാമം
ഹൃത്തിലെ
സ്നേഹം

എവിടെ നീ
നിന്റെ ചൂട്
നിന്റെ സ്പര്‍ശനം
നിന്റെ ചുംബനം
നിന്റെ കാല്‍പാട്
നിന്റെ നിഴല്‍

ചേതനയറ്റ
എന്റെ
ശരീരം
കാത്തിരുന്നു വെറുതെ

നിനക്കായ് നിനക്കായ് നിനക്കായ് മാത്രം

Jan 13, 2011


ഞാന്‍ ഒരു ഭ്രാന്തിയാണ്
നിന്റെ സ്നേഹത്തിന്റെ
തടവറയില്‍
ശ്വാസംമുട്ടി
കഴിയുന്ന
കൂരിരുട്ടിനെ
പ്രണയിച്ചു
വഞ്ചിച്ച
കാലത്തിന്റെ
ഗര്‍ഭം
ഉദരത്തില്‍ ചുമന്നു
നെട്ടോട്ടമോടുന്ന
വികാരത്തിന്‍
മാറില്‍ ഉറങ്ങുന്ന
വെറും
ഭ്രാന്തന്‍
ചിന്തകളുടെ
കാമുകി

Jan 11, 2011

മഴ


കാമം നിറഞ്ഞ മിഴിയാല്‍
അടുത്ത് വന്നിരുന്നു
എന്നെ തൊട്ടു തലോടി
മടിയില്‍ കിടത്തി
കെട്ടി പിടിച്ചു
വരിഞ്ഞു മുറുക്കി
ചുണ്ടുകള്‍ കോര്‍ത്ത്‌
ചുംബിച്ചു തള്ളി
ആര്‍ത്തിരമ്പി
അട്ടഹസിച്ചു
പെട്ടെന്ന് പെയ്തു മറഞ്ഞു
ഒരു വേനല്‍ മഴ

Jan 10, 2011


കരളും തേങ്ങി
കരയും തേങ്ങി
കരള്‍ കവിഞ്ഞൊഴുകി
കര കവിഞ്ഞൊഴുകി
കണ്ണീരില്‍ ഞാന്‍ മുങ്ങി
കടലില്‍ അവന്‍ മുങ്ങി

Nov 2, 2010


നിന്നെ കുറിച്ച് നാല് വരി
നീയറിയാതെ മൂന്നു വരി
മനസ്സിലെന്നും രണ്ടു വരി
പ്രാണനെന്ന ഒറ്റ വരി

Oct 29, 2010


എനിക്ക് മരണമില്ല
മരണപെട്ടു കഴിഞ്ഞിരിക്കുന്നു
ശരീരവും ആത്മാവും
നിന്റെ ഓര്‍മകളുടെ
തടവറക്കുള്ളില്‍

Aug 10, 2010


നീറുന്നു ഹൃദയം
നിന്‍‍ പ്രണയ സ്മരണകളില്‍
നെഞ്ചോടടക്കി വിതുമ്പി
ഓര്‍മതന്‍ കളിതൊട്ടിലുകള്‍
താരാട്ട് പാടുവാന്‍ ഞാനുണ്ടല്ലോ
നെഞ്ചില്‍ മയങ്ങാന്‍ നീയില്ലല്ലോ
വരുമെന്ന് പറഞ്ഞു
വഴിയരികില്‍ നില്‍പ്പായി
എന്‍റെ വിധിയുടെ നിഴലുകള്‍
നിന്‍റെ വരവേല്പിനായ്